പ്രവര്‍ത്തകരെ കൊലയ്ക്ക് കൊടുക്കുന്ന നേതൃത്വമായി ബിജെപി മാറി: വി ശിവന്‍കുട്ടി
തിരുവനന്തപുരം: ആനന്ദ് കെ തമ്പിയുടെ മരണത്തില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സാധാരണ പ്രവര്‍ത്തകരെ കൊലയ്ക്ക് കൊടുക്കുന്ന നേതൃത്വമായി ബിജെപിയെന്നും ആത്മഹത്യാ കുറിപ്പിലെ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമെന്നും രാഷ്ട്രീയ നേട്ടത്തിന് സിപിഎം ആഗ്രഹിക്കുന്നില്ലെന്നും വി ശിവന്‍കുട്ടി. പ്രവര്‍ത്തകരുടെ ജീവനെടുക്കുന്ന പാര്‍ട്ടിക്ക് ആര് വോട്ടു ചെയ്യുമെന്നും ശിവന്‍കുട്ടി ചോദിച്ചു. ബിജെപി നേതൃത്വത്തിന്റെ മാഫിയബന്ധം പുറത്തുകൊണ്ടുവരുമെന്ന് വി ജോയ് എംഎല്‍എ. കഴിവുള്ള പ്രവര്‍ത്തകര്‍ക്ക് ബിജെപി സീറ്റ് നല്‍കുന്നില്ല. ആനന്ദ് കെ തമ്പി ഉന്നയിച്ച വിഷയങ്ങള്‍ ചെറുതല്ലെന്നും ഈ വിഷയങ്ങള്‍ എല്‍ഡിഎഫ് പ്രചാരണായുധമാക്കുമെന്നും വി ജോയ് പറഞ്ഞു. സാധാരണ പ്രവര്‍ത്തകരെ ബിജെപി നേതൃത്വം സംരക്ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ കെ എസ് ശബരിനാഥന്‍ പറഞ്ഞു. ബിജെപി നേതൃത്വം കോര്‍പറേറ്റ് വല്‍ക്കരണത്തിലേക്കു പോയി. അതിന്റെ ദോഷവശങ്ങള്‍ മുഴുവന്‍ ബിജെപിയെ ബാധിച്ചെന്നും ശബരീനാഥന്‍ പറഞ്ഞു.
ബിജെപി-ആര്‍എസ്എസ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ ജീവനു തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതര സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി. ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം, മണ്ണ് മാഫിയ ബന്ധം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയവ കേരളിയ പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരേ അതീവഗുരുതര ആരോപണമുയര്‍ത്തിയാണ് പ്രവര്‍ത്തകരുടെ ആത്മഹത്യകളുണ്ടായിട്ടുള്ളത്. ഈ ആത്മഹത്യകളെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നും മനുഷ്യത്വമുണ്ടെങ്കില്‍ അങ്ങനെ പറയാന്‍ കഴിയുമോയെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ആര്‍എസ്എസ് ക്യാമ്പുകളില്‍ നേരിട്ട ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് കോട്ടയം സ്വദേശി അനന്തു ആത്മഹത്യ ചെയ്തത്. അതില്‍ നിന്നു തന്നെ മനസിലാക്കാം ആര്‍എസ്എസിന്റെ അന്തര്‍ധാര എത്രത്തോളം ജീര്‍ണ്ണിച്ചതാണെന്ന്. പ്രതിസന്ധിയില്‍ പാര്‍ട്ടി ഒറ്റപ്പെടുത്തിയെന്നായിരുന്നു തിരുമല അനിലിന്റെ ആത്മഹത്യക്കുറിപ്പിലെ വിമര്‍ശനം. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ.
സീറ്റു നല്‍കാത്തതിനെ തുടര്‍ന്നാണ് നെടുമങ്ങാട് ബിജെപി പ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ചത്. അഭിപ്രായം പറഞ്ഞാല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. എല്ലാരീതിയിലും വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. സമൂഹത്തില്‍ അപമാനിക്കുന്നു. വര്‍ഷങ്ങളായി ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നവരെ മാറ്റി വിവിധ രംഗങ്ങളില്‍ മാഫിയ ബന്ധമുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കി തീരുമാനിച്ചിരിക്കുന്നത്. അതിലാണിപ്പോള്‍ പൊട്ടിത്തെറിയുണ്ടാകുന്നത്. ഭീഷണിയെ തുടര്‍ന്നാണ് ആനന്ദിന് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പ് പോലിസ് വിശദമായി പരിശോധിക്കും. കേരള രാഷ്ട്രീയത്തില്‍ ജനാധിപത്യവിരുദ്ധമായ ഏകാധിപത്യ പൂര്‍ണ്ണമായ ഇത്തരം ഇടപെടല്‍ ആര്‍എസ്എസും-ബിജെപിയും നടത്തുകയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

