''സഹകരണബാങ്കില്‍ നിന്ന് പണമെടുത്തില്ല; കുറ്റം മുഴുവന്‍ എനിക്കെതിരേ വന്നു'' ബിജെപി കൗണ്‍സിലറുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്

Update: 2025-09-20 08:47 GMT

തിരുവനന്തപുരം: തിരുമലയിലെ ബിജെപി കൗണ്‍സിലര്‍ കെ അനില്‍കുമാറിന്റെ മരണത്തിന് പിന്നില്‍ വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന. അനില്‍കുമാറാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒറ്റപ്പെട്ടുപോയെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലിസിന് ലഭിച്ചു. സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അനില്‍കുമാറിന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെ നിരവധി പേര്‍ തമ്പാനൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ് പറയുന്നു. കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു. ഈ വലിയ പ്രതിസന്ധിയില്‍ ഒറ്റപ്പെട്ടുപോയതോടെ കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത മനോവിഷമം അനുഭവിച്ചിരുന്നുവെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും അനില്‍ കുമാര്‍ ആത്മഹത്യകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. പ്രതിസന്ധി ഉണ്ടായതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനില്‍കുമാര്‍ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.