ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത സംഭവം; രാജീവ് ചന്ദ്രശേഖറിന്റെ അനുശോചനകുറിപ്പ് വിവാദത്തില്‍

Update: 2025-09-20 10:03 GMT

തിരുവനന്തപുരം: ബിജെപി കൗണ്‍സിലറായ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അനുശോചിച്ച് രാജീവ് ചന്ദ്രശേഖര്‍ ഫേസ് ബുക്കിലിട്ട കുറിപ്പ് വിവാദത്തില്‍. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് അനില്‍ കുമാര്‍ തന്നെ വന്ന് കണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് അനുശോചനകുറിപ്പ്. ഫേസ് ബുക്കിലിട്ട പോസ്റ്റിനു താഴെ നിരവധി പേര്‍ പ്രതികണവുമായി രംഗത്തെത്തി.

സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അനില്‍കുമാറിന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു. ഈ വലിയ പ്രതിസന്ധിയില്‍ ഒറ്റപ്പെട്ടുപോയതോടെ കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത മനോവിഷമം അനുഭവിച്ചിരുന്നുവെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും അനില്‍ കുമാര്‍ ആത്മഹത്യകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

എന്നാല്‍ ഇത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടും എന്തുകൊണ്ട് നേതൃത്വം ഇടപെട്ടില്ലെന്നും കന്യാസ്ത്രീകളെ രക്ഷിക്കാന്‍ തിടുക്കം കാട്ടുന്ന പ്രസിഡന്റിന് സ്വന്തം അണികളുടെ കാര്യം നോക്കാന്‍ പറ്റിയില്ലേ എന്നുമാണ് ബിജെപിക്കാര്‍ക്കിടയില്‍ നിന്നു തന്നെ ഉയരുന്ന ചോദ്യങ്ങള്‍. നിരവധി പേരാണ് കുറിപ്പിനടിയില്‍ രോഷപ്രകടനം നടത്തുന്നത്.



Tags: