ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; 'ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ല, പണം നല്‍കണമെന്നുണ്ടെങ്കിലും സാധിക്കുന്നില്ല'; ഫോണ്‍ സംഭാഷണം പുറത്ത്
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ മകളുമായുള്ള അനിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകന്റെ മകളോട് പോലിസിനെ സമീപിക്കാന്‍ നിര്‍ദേശിച്ച അനില്‍. താന്‍ നേരിടുന്ന ദയനീയ അവസ്ഥ വിവരിക്കുന്നു. ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ല. താന്‍ പകുതിയായി മാറി, വീട്ടില്‍ എല്ലാവരും ദുഖിതരാണ് ബാങ്ക് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പണം നല്‍കണമെന്നുണ്ടെങ്കിലും സാധിക്കുന്നില്ലെന്നും ഫോണ്‍സംഭാഷണത്തില്‍ അനില്‍ പറയുന്നു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനിലിനെ വാര്‍ഡ് കമ്മിറ്റി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഓഫിസില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിരുന്നു. 'സംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. ആറു കോടിയുടെ ബാധ്യതയും. അത് പിരിച്ചു നിക്ഷേപകര്‍ക്ക് നല്‍കണം. കുടുംബത്തെ ഒറ്റപ്പെടുത്തരുത്. താന്‍ എല്ലാവരെയും സഹായിച്ചു. പ്രതിസന്ധി വന്നപ്പോള്‍ ഒറ്റപ്പെട്ടു' എന്ന് കുറിപ്പിലുണ്ടെന്നു പൂജപ്പുര പോലിസ് അറിയിച്ചു. വലിയശാലയില്‍ അനില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഫാം ടൂര്‍ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.
ഈ സമ്മര്‍ദ്ദത്തിനിടയിലും, നിക്ഷേപകന് സഹായിക്കാന്‍ അനില്‍ ഒരുങ്ങിയിരുന്നു. നിക്ഷേപകന് ചികില്‍സാസഹായവും, മരുന്നും മറ്റ് ആവശ്യങ്ങള്‍ക്കും സഹായിക്കാമെന്നും അനില്‍ വാഗ്ദാനം ചെയ്തു. പണം തിരികെ ലഭിക്കാനായി പോലിസിനോട് വന്നു പറയാനും അനില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് കുടുംബം പോലിസില്‍ പരാതി നല്‍കിയത്. അങ്ങനെയെങ്കിലും പണം തിരികെ നല്‍കാനായിരുന്നു അനിലിന്റെ നീക്കം. എന്നാല്‍, ബിജെപിയും ബാങ്കും അനിലിനെ ഒറ്റപ്പെടുത്തി. തുടര്‍ന്നാണ് അനിലിന്റെ ആത്മഹത്യ.
