ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: 11 കോടിയുടെ വായ്പയില്‍ ആരോപണം

Update: 2025-09-23 03:18 GMT

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പ്രസിഡന്റായിരുന്ന തിരുവനന്തപുരം ഫാം ടൂര്‍ സഹകരണ സംഘം 11 കോടി രൂപ വായ്പയായി നല്‍കിയിരുന്നെന്ന് വിവരം. നിലവിലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ വന്‍ തുക വായ്പ എടുത്തിരുന്നതായി സൂചനയുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ കത്തിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ ഒട്ടേറെ പേര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ബിജെപി അനുഭാവിയായ ഒരു മൊബൈല്‍ ഷോപ്പ് ഉടമ 30 ലക്ഷം രൂപയാണ് വായ്പ എടുത്തിട്ടുള്ളത്. നിക്ഷേപകര്‍ക്ക് പലിശ നല്‍കിയ വകയില്‍ 14.14 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്ന് സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കലക്ഷന്‍ ഏജന്റായി കൂടുതല്‍ പേരെ നിയമിച്ചു. നിക്ഷേപ പദ്ധതികളിലെ കുടിശിക പ്രതിമാസം 4.1 കോടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോള്‍ നോട്ടിസ് അയയ്ക്കുന്നതല്ലാതെ റിക്കവറി നടപടികളിലേക്ക് കടന്നിരുന്നില്ലെന്നും കണ്ടെത്തി.

അതേസമയം, ബിജെപി നേതൃത്വത്തിനെതിരേ ഒരു പാര്‍ട്ടി കൗണ്‍സിലറുടെ ഭര്‍ത്താവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 'വായ്പയെടുത്ത്, വര്‍ഷങ്ങളോളം തിരിച്ചടയ്ക്കാതെ അനിച്ചേട്ടന്റെ ഭൗതിക ദേഹത്തിനു മുന്നില്‍ വന്നുനിന്നു കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെ ഉണ്ടായിരുന്നു' എന്നാണ് പോസ്റ്റ്. കാശിനു വേണ്ടി മനുഷ്യനെ മരണത്തിലേക്കു തള്ളിവിട്ടവരെ പാര്‍ട്ടിയും സംഘവും തിരിച്ചറിയണമെന്നും പോസ്റ്റ് പറയുന്നു.