പക്ഷിപ്പനി:പത്തനംതിട്ടയിലെ നിരണം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ താറാവുകളെ കൊന്നൊടുക്കുന്ന നടപടികള്‍ തുടങ്ങി

Update: 2024-05-18 09:45 GMT

തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ താറാവുകളെ കൊന്നൊടുക്കുന്ന നടപടികള്‍ തുടങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് നടപടികള്‍ ആരംഭിച്ചത്.താറാവ് കര്‍ഷകരായ കണ്ണന്‍മാലില്‍ വീട്ടില്‍ കുര്യന്‍ മത്തായി, ഇടത്തിട്ടങ്കരി വീട്ടില്‍ മനോജ് ഏബ്രഹാം എന്നിവരുടെ വളര്‍ത്തു താറാവുകളില്‍ ചിലത് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ചത്ത് വീണതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബിലാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എന്‍8 വൈറസ് ബാധ വ്യാഴാഴ്ച സ്ഥിരീകരിച്ചത്.

ഇരു കര്‍ഷകരുടെയും ആറായിരത്തോളം താറാവുകളെയാണ് കൊന്നൊടുക്കുന്നത്. പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച നിരണം ഡക്ക് ഫാമിലെ 4000ത്തോളം താറാവുകളെ കഴിഞ്ഞ ദിവസം വിഷം നല്‍കി കൊന്ന ശേഷം ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് കത്തിച്ചുകളഞ്ഞിരുന്നു. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ താറാവുകളെ വിഷം നല്‍കി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുന്നത്.

ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു കോഴികള്‍ അടക്കമുള്ള പക്ഷികളെ കഴിഞ്ഞദിവസം കൊന്നിരുന്നു. താറാവുകളെ കൊന്നൊടുക്കുന്ന നടപടി വൈകിട്ടോടെ പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News