പക്ഷിപ്പനി; പരിശോധന ശക്തമാക്കി, 24,309 പക്ഷികളെ കൊന്നൊടുക്കി

തിരുവല്ലയില്‍ പക്ഷികളുടെ മുട്ട-ഇറച്ചി വില്പന നിരോധിച്ചു

Update: 2025-12-28 09:34 GMT

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴയിലെ പഞ്ചായത്തുകളില്‍ പക്ഷികളെ കൊന്ന് മറവുചെയ്യുന്ന നടപടി പൂര്‍ത്തിയായി. ശനിയാഴ്ച വൈകീട്ട് വരേയുള്ള കണക്കു പ്രകാരം 24,309 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. പുന്നപ്ര തെക്ക്, പുറക്കാട്, ചെറുതന, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലാണ് കള്ളിങ് പൂര്‍ത്തിയായത്. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ 8,171 പക്ഷികളേയാണ് വൈകീട്ടുവരെ കള്ളിങ്ങിന് വിധേയമാക്കിയത്. പുറക്കാട് 5,813 പക്ഷികളേയും ചെറുതനയില്‍ 4,300 പക്ഷികളേയും അമ്പലപ്പുഴ തെക്കില്‍ 6,025 പക്ഷികളേയുമാണ് കൊന്നൊടുക്കിയത്.

അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളില്‍ വളര്‍ത്തു പക്ഷികളുടെ മുട്ട-ഇറച്ചി വില്‍പ്പന നിരോധിച്ചു. ഇന്നുമുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ് കോഴി കാട മറ്റ് വളര്‍ത്തു പക്ഷികളുടെ ഇറച്ചി മുട്ട എന്നിവയ്ക്കാണ് നിരോധനം. ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിര്‍ദേശം.

കൂടുതല്‍ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പ്രാദേശികതലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കും. ഗുരുതരമായി ന്യൂമോണിയ ബാധിച്ച ആളുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

അതേസമയം സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തമിഴ്നാട് അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി. രോഗപ്പകര്‍ച്ച തടയുന്നതിനായി കോയമ്പത്തൂര്‍ ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ വാഹന പരിശോധനയും പ്രതിരോധ നടപടികളും ഊര്‍ജിതമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. രോഗബാധ തടയുന്നതിന്റെ ഭാഗമായി വാളയാര്‍, വേലന്താവളം, മുള്ളി, ആനക്കട്ടി എന്നിവക്കു പുറമെ പൊള്ളാച്ചിയിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെറ്ററിനറി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ചെക്പോസ്റ്റുകള്‍ തുറന്നു.

കേരളത്തിലേക്ക് വന്‍തോതില്‍ കോഴികളെ വിതരണം ചെയ്യുന്ന മേഖലയാണ് പൊള്ളാച്ചി. ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് കോഴികളെ കൊണ്ടുപോകാനെത്തുന്ന മുഴുവന്‍ വാഹനങ്ങളും കൃത്യമായ അണുനശീകരണത്തിന് വിധേയമാക്കിയ ശേഷം മാത്രമാണ് അതിര്‍ത്തി കടത്തിവിടുന്നത്. നിലവില്‍ കോയമ്പത്തൂര്‍ ജില്ലയില്‍ പക്ഷിപ്പനി സംബന്ധിച്ച ആശങ്കകളില്ലെന്ന് ജില്ലാ വെറ്ററിനറി വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് രോഗം വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും മുന്‍കരുതല്‍ നടപടികള്‍ എന്നനിലയില്‍ പരിശോധനകളും കര്‍ശനമായ നിരീക്ഷണവും തുടരുമെന്നും അവര്‍ വ്യക്തമാക്കി.

Tags: