പക്ഷിപ്പനി; ആലപ്പുഴയില്‍ 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടും

ഭക്ഷണം കഴിക്കാനെത്തിയവരെ ഇറക്കി വിട്ട് ഉദ്യോഗസ്ഥര്‍, പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍

Update: 2025-12-28 13:01 GMT

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഹോട്ടലുകളില്‍ കോഴിവിഭവങ്ങള്‍ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ടെന്ന് ഹോട്ടലുകാര്‍ ആരോപിക്കുന്നു. ഇതിനെതിരേ പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകള്‍ പറയുന്നു. പക്ഷിപ്പനി മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടാനാണ് തീരുമാനം. നിലവില്‍ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയില്‍ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. കൂടുതല്‍ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാഭരണകൂടം വ്യക്തമാക്കി. ക്രിസ്മസ് വിപണിക്കായി തയ്യാറെടുത്തു നില്‍ക്കുമ്പോഴാണ് കര്‍ഷകരുടെ പ്രതീക്ഷയെ തകിടം മറിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലായി 12 ഇടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയില്‍ മാത്രം 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കിയത്.

ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്കു കാരണമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പക്ഷികള്‍ അസ്വാഭാവികമായി കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രികളില്‍ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, ജില്ലയില്‍ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കള്ളിങ് നടക്കുന്ന തകഴി, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളുടെ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ നഗരസഭ, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, മുട്ടാര്‍, എടത്വ, തകഴി, തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ, കണ്ടല്ലൂര്‍, പത്തിയൂര്‍, മുതുകുളം, കരുവാറ്റ, കുമാരപുരം, ഹരിപ്പാട് നഗരസഭ, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, ചെറുതന, ചേപ്പാട്, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍, നിരണം, കടപ്ര പഞ്ചായത്തുകളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും ഒരാഴ്ചത്തേയ്ക്ക് നിരോധിച്ചിരുന്നു.

Tags: