തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മാലൂര്‍ ഗ്രാമപഞ്ചായത്തിലെ തൃക്കടാരിപൊയിലില്‍ ചത്തുവീണ കാക്കയുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി കണ്ടെത്തിയത്.
ജനുവരി 17-ന് ഇരിട്ടി എടക്കാനത്തും ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.