പിഎം ശ്രീ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഷോക്കേസ്; കരാര്‍ ഒപ്പിടുന്നതില്‍ സിപിഐയെ ഇരുട്ടില്‍ നിര്‍ത്തി: ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കൃത വിദ്യഭ്യാസ നയത്തിന്റെ ഷോക്കേസാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ പദ്ധതിയില്‍ ചേരുംമുമ്പ് രണ്ട് തവണ ആലോചിക്കണമെന്നാണ് സിപിഐയുടെ നിലപാട്. ആലോചിച്ചോ, തിരുത്തിയോ ആര്‍ക്കും ഒന്നുമറിയില്ല. ഏറ്റവും അവസാനം കൂടിയ കാബിനറ്റ് യോഗത്തില്‍ സിപിഐ അംഗങ്ങള്‍ വിഷയം ചോദിച്ചു. ആരും അതിനെ കുറിച്ച് വിശദീകരണം നല്‍കിയില്ല. എന്ത് സര്‍ക്കാരാണിത്. എന്ത് കൂട്ടുത്തരവാദിത്തമാണ്. അതല്ല എല്‍ഡിഎഫ്, അതാവരുത്, അതായിക്കൂടാ. ദേശീയപ്രാധാന്യമുള്ള വിഷയം അറിയാനും അറിയിക്കാനുമുള്ള വേദിയാണ് എല്‍ഡിഎഫ്. അവിടെയൊന്നും ചര്‍ച്ചയുണ്ടായില്ല. ഘടകകക്ഷികളെയെല്ലാം അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കാതെയല്ല, ഇരുട്ടിലാഴ്ത്തിയല്ല എല്‍ഡിഎഫ് മുന്നോട്ടുപോവേണ്ടത്. ഭരിക്കാനുള്ള ഉപാധി മാത്രമല്ല എല്‍ഡിഎഫ്. എവിടെയും ചര്‍ച്ച ചെയ്യാതെ ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ തീരുമാനമെടുത്തത് എങ്ങനെയാണെന്ന് സിപിഐയ്ക്ക് അറിയില്ല. മുന്നണി മര്യാദകള്‍ പാലിക്കാതെയാണ് അതെല്ലാം ചെയ്തത്. എന്തിനാണ് അനാവശ്യമായ ധൃതിയില്‍ പദ്ധതിയില്‍ ഒപ്പിട്ടത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിക്ക് കത്തുനല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.സിപിഐയെ അവഗണിക്കാന്‍ ശ്രമിച്ചു. എല്‍ഡിഎഫിനെ നിസാരമായി കാണാന്‍ ആര് ശ്രമിച്ചാലും സിപിഐ അനുവദിക്കില്ല. 27-ന് ആലപ്പുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഉചിതമായ തീരുമാനം എടുക്കും.