ഭാര്യക്കും മക്കള്‍ക്കുമുള്ളത് യുകെ പൗരത്വമെന്ന പോസ്റ്റ്; പരാതി നല്‍കി ബിനോയ് വിശ്വം
തിരുവനന്തപുരം: ഭാര്യക്കും മക്കള്‍ക്കും യുകെ പൗരത്വമാണുള്ളതെന്ന നിലയില്‍ വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരേ പരാതിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഞ്ചല്‍ സ്വദേശിക്കെതിരേ ബിനോയ് വിശ്വം സൈബര്‍ സെല്ലില്‍ പരാതിനല്‍കി. മനഃപൂര്‍വ്വം തന്നേയും കുടുംബത്തേയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. കൃഷ്ണ അഞ്ചല്‍ എന്ന ഫേസ്ബുക്ക് പേജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയത്.
മലപ്പുറം സ്വദേശിനിയും എഴുത്തുകാരിയുമായ ഷൈല സി ജോര്‍ജാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. 35 വര്‍ഷം സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ ജോലി ചെയ്ത് വിരമിച്ച ഷൈല നിലവില്‍ വട്ടിയൂര്‍ക്കാവിലാണ് താമസം. ബിനോയ് വിശ്വത്തിന്റെ രണ്ട് മക്കളും കേരളത്തില്‍ താമസിച്ചുവരികയാണ്. മൂത്ത മകള്‍ രശ്മി ബിനോയ് പത്രപ്രവര്‍ത്തകയും. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, ദി ഹിന്ദു തുടങ്ങിയ സ്ഥാപനങ്ങളില്‍ അടുത്ത കാലം വരെ പ്രവര്‍ത്തിച്ചിരുന്നു. രശ്മി ഇപ്പോള്‍ പാരീസിലെ സയന്‍സസ് പി ഒ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ കേന്ദ്രീകരിച്ച് പിഎച്ച്ഡി ചെയ്യുകയാണ്. വട്ടിയൂര്‍ക്കാവില്‍ താമസിച്ചാണ് പാരിസ് യൂണിവേഴ്‌സിറ്റിയില്‍ ചെയ്യുന്ന പിഎച്ച്ഡിക്കായി കേരളത്തില്‍ ഡാറ്റാകളക്ഷന്‍ നടത്തുന്നത്. രണ്ടാമത്തെ മകള്‍ സൂര്യ കേരള ഹൈക്കോടതിയിലെ അഭിഭാഷകയും ഗവണ്മെന്റ് പ്‌ളീഡറുമാണ്. മൂന്നുപേര്‍ക്കും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ട്. ഇങ്ങനെയിരിക്കെയാണ് വസ്തുതാ വിരുദ്ധമായ പ്രചരണം നടക്കുന്നത്.
ഈ വിവരങ്ങള്‍ എല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റു പൊതുമണ്ഡലത്തിലും ലഭ്യമാണെന്നിരിക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ മനപ്പൂര്‍വ്വം സമൂഹമധ്യത്തില്‍ കരിവാരിത്തേക്കുന്നതിനും അപമാനിക്കുന്നതിനും കുടുംബാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തണം എന്ന ദുരുദ്ദേശത്തോടുകൂടിയും പോസ്റ്റു ചെയ്തതാണ് ഫേസ്ബുക്ക് പോസ്റ്റെന്ന് ബിനോയ് വിശ്വവും കുടുംബാംഗങ്ങളും ആരോപിക്കുന്നു. കുടുംബത്തിനെതിരേ അപകീര്‍ത്തികരമായ പോസ്റ്റിട്ട വ്യക്തിക്കെതിരേ നിലവിലെ സൈബര്‍ നിയമപ്രകാരം ഐടി ആക്ട് അനുസരിച്ചും ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്ന് ബിനോയ് വിശ്വം പോലിസിനോട് ആവശ്യപ്പെട്ടു.
