പൊറോട്ടയും ബീഫും പരാമര്‍ശം; എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരാതി നല്‍കി ബിന്ദു അമ്മിണി

Update: 2025-10-23 11:31 GMT

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരേ സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി പോലിസില്‍ പരാതി നല്‍കി. കൊയിലാണ്ടി പോലിസിലാണ് ബിന്ദു അമ്മിണി പരാതി നല്‍കിയത്. പൊറോട്ടയും ബീഫും നല്‍കി രഹന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കി എന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആള്‍ക്കാരുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത് എന്നുമായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന. ഈ പ്രസ്താവന തെറ്റാണെന്നും അധിക്ഷേപകരം ആണെന്നും തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതാണെന്നും ബിന്ദു അമ്മിണി പരാതിയില്‍ അവകാശപ്പെട്ടു. പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പോലിസ് ക്ലബ്ബിലോ പോയിട്ടില്ലെന്നും തന്റെ പേരിനൊപ്പം രഹന ഫാത്തിമയുടെ പേര് നല്‍കിയത് ഒരു മുസ്‌ലിം വനിതയുടെ നാമം തന്റെ പേരിനൊപ്പം ചേര്‍ക്കണം എന്ന ദുരുദ്ദേശത്തോട് കൂടിയാണെന്നും ഇതിനുശേഷം താന്‍ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയ അറ്റാക്കും നേരിടുന്നു എന്നും പരാതിയില്‍ പറയുന്നു.