റായ്പൂര്‍: ഛത്തിസ്ഗഡിലെ ബിലാസ്പുര്‍ ജില്ലയില്‍ ജയ്റാംനഗര്‍ സ്റ്റേഷനു സമീപം മെമു ട്രെയിന്‍ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പതിനൊന്നു പേര്‍ മരിച്ചതായി റെയില്‍വേ. 20 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ഒരേ ട്രാക്കിലാണ് ട്രെയിനുകള്‍ സഞ്ചരിച്ചതെന്നാണ് വിവരം. മുന്നില്‍ പോയ ഗുഡ്സ് ട്രെയിനിലേക്ക് മെമു ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്നി റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ട്രാക്കുകള്‍ പുനസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്. ഇന്നുച്ചയോടെ ട്രാക്കുകള്‍ പുനസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു. കോര്‍ബയില്‍ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിന്‍, ഗുഡ്‌സ് ട്രെയിനിന്റ പിറകില്‍ ഇടിച്ചു കയറുകയായിരുന്നു.
അപകടം സംബന്ധിച്ച് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബിലാസ്പൂര്‍ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും, നിസാര പരിക്കേറ്റ യാത്രക്കാര്‍ക്ക് 1 ലക്ഷം രൂപയും റയില്‍വേ സഹായധനം പ്രഖ്യാപിച്ചിരുന്നു.