കൂട്ടബലാല്‍സംഗക്കേസ്; ജാമ്യം ലഭിച്ചതില്‍ വിജയാഘോഷം നടത്തി പ്രതികള്‍, വ്യാപക വിമര്‍ശനം

Update: 2025-05-23 07:30 GMT

ബെംഗളൂരു: കൂട്ടബലാല്‍സംഗക്കേസില്‍ ജാമ്യം ലഭിച്ചതില്‍ വിജയാഘോഷം നടത്തി പ്രതികള്‍. വിജയാഘോഷത്തിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തിനെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു. ഹാവേരിയിലെ അക്കി ആലൂര്‍ പട്ടണത്തിലാണ് സംഭവം. അഫ്താബ് ചന്ദനകട്ടി, മദര്‍ സാബ് മന്ദാക്കി, സമിവുള്ള ലാലനാവര്‍, മുഹമ്മദ് സാദിഖ് അഗസിമാനി, ഷോയിബ് മുല്ല, തൗസിപ് ചോട്ടി, റിയാസ് സാവികേരി എന്നീ കേസിലെ ഏഴു പ്രധാന പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്.

2024 ജനുവരിയിലാണ് യുവതി കൂട്ടബലാല്‍സംഗത്തിനിരയായത്. മിശ്രവിവാഹിതയായ സ്ത്രീയും ഇവരുടെ ഭര്‍ത്താവായ ബസ് ഡ്രൈവറും ചേര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്തു. ഇവിടേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകള്‍ യുവതിയെ സമീപത്തെ കാട്ടിലേക്കു വലിച്ചു കൊണ്ടു പോവുകയും കൂട്ടബലാല്‍സംഗത്തിനിരയാക്കുകയുമായിരുന്നു.

പീഡനത്തെ അതിജീവിച്ച സ്ത്രീ വിശദമായ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് പ്രതികള്‍ക്കുള്ള അന്വേഷണം ആരംഭിച്ചു. തിരിച്ചറിയല്‍ പ്രക്രിയയില്‍ പ്രതികളെ ആദ്യം തിരിച്ചറിഞ്ഞെങ്കിലും തുടര്‍ന്നുള്ള കോടതി നടപടികളില്‍, പ്രതികളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇത് പ്രോസിക്യൂഷന്റെ കേസ് ദുര്‍ബലപ്പെടുന്നതിനു കാരണമാവുകയായിരുന്നു. ആദ്യം സദാചാരക്കേസെന്ന രീതിയില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും യുവതി മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി പ്രകാരം പിന്നീട് പോലിസ് കൂട്ടബലാല്‍സംഗത്തിനു കേസെടുക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ പന്ത്രണ്ട് പേരെ ഏകദേശം പത്ത് മാസം മുമ്പ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Tags: