ലോറി ബൈക്കിലിടിച്ച് തീപ്പിടിച്ചു; ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2025-03-13 04:11 GMT

ചാലക്കുടി: പോട്ട സിഗ്നല്‍ ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വി.ആര്‍. പുരം ഞാറക്കല്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മരപ്പണിക്കാരനായ അനീഷ് ജോലിക്ക് പോകുമ്പോഴാണ് അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്ക്, ലോറിയില്‍ ഇടിക്കുകയായിരുന്നു. രാസവസ്തു കയറ്റി വരികയായിരുന്നു ലോറി. ഇടിച്ചതിന് പിന്നാലെ തീപ്പിടിച്ച ലോറി കത്തിനശിക്കുകയും ചെയ്തു. ലോറി കത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി.

ലോറി ഇടിച്ചശേഷം ബൈക്കിനെ 100 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് നിന്നത്. ഇതിനിടെയാണ് ലോറിക്ക് തീപിടിച്ചത്. ലോറിക്ക് തീപിടിച്ചത് അനീഷിന്റെ ദേഹത്ത് പൊള്ളലേല്‍ക്കാനും കാരണമായി.