തൊടുപുഴ: തൊടുപുഴയിലെ കോലാനി ബൈപ്പാസില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥി മരിച്ചു. തോട്ടുപുറം ഫ്യൂവല്‍സിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി കിരണ്‍ രാധാകൃഷ്ണന്‍ (19) ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്.
കോലാനി ഭാഗത്തുനിന്ന് തടി കയറ്റിവന്ന ലോറിയും പാലാ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ഥികള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൊടുപുഴ അഗ്‌നിരക്ഷാ സേന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. സേനയുടെ ആംബുലന്‍സില്‍ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കിരണ്‍ രാധാകൃഷ്ണന്‍ ചികില്‍സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.