വിഴിഞ്ഞം: നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച സ്‌കൂട്ടറിലെത്തി വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര പെരുമ്പഴൂതുര്‍ വടക്കോട് തളിയാഴ്ച്ചല്‍ വീട്ടില്‍ ജയകൃഷ്ണന്‍ (42), ഇയാളുടെ സുഹ്യത്ത് ചെങ്കല്‍ ശിവപാര്‍വ്വതി ക്ഷേത്രത്തിന് സമീപം ഇറച്ചികാണിപൊറ്റയില്‍ വീട്ടില്‍ മനോജ് (31) എന്നിവരെയാണ് വിഴിഞ്ഞം പോലിസ് അറസ്റ്റുചെയ്ത്. സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ വഴിയിലൂടെ നടന്ന് പോകുകയായിരുന്ന വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിനുപിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഉച്ചക്കട ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം പയറ്റുവിളയിലെ വീട്ടിലേക്ക് പോകുകയായിരുന്നു കമലാക്ഷി (80). ഇവരുടെ ഒന്നേകാല്‍ പവന്‍ തൂക്കമുളള മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചുകടന്നത്.