കനയ്യകുമാറിന്റെ സന്ദര്‍ശനത്തിന് ക്ഷേത്രം കഴുകി വൃത്തിയാക്കി ഭരണസമിതി (വീഡിയോ)

Update: 2025-03-27 18:22 GMT

പറ്റ്‌ന: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് ശേഷം ക്ഷേത്രം കഴുകി വൃത്തിയാക്കിയ ഭരണസമിതിയുടെ നടപടി വിവാദമായി. 'കുടിയേറ്റം അവസാനിപ്പിക്കൂ, തൊഴില്‍ നല്‍കൂ' എന്ന പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന യാത്രയുടെ ഭാഗമായാണ് ബംഗാവോന്‍ ഗ്രാമത്തിലെ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ കനയ്യകുമാര്‍ എത്തിയത്. ക്ഷേത്രപരിസരത്ത് നിന്ന് അദ്ദേഹം ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. എന്നാല്‍, കനയ്യകുമാര്‍ പോയ ശേഷം ഭരണസമിതി ക്ഷേത്രം കഴുകി വൃത്തിയാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അല്ലാത്തവര്‍ക്ക് ക്ഷേത്രത്തില്‍ തൊട്ടുകൂടായ്മയുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് രഞ്ജന്‍ ഗുപ്ത ചോദിച്ചു. ക്ഷേത്രം കഴുകി വൃത്തിയാക്കിയത് കനയ്യകുമാറിനെ ജനങ്ങള്‍ തള്ളിയതിന്റെ തെളിവാണെന്ന് ബിജെപി വക്താവ് അസിത് നാഥ് തിവാരി തിരിച്ചടിച്ചു. ഭൂമിഹാര്‍ എന്ന സവര്‍ണ ജാതിയില്‍ പെടുന്ന ആളാണ് കനയ്യ കുമാര്‍.