അമ്മാവന്റെ ഷര്‍ട്ട് ധരിച്ച് മാര്‍ക്കറ്റില്‍ പോയ പതിനെട്ടുകാരനെ ആളുമാറി വെടിവച്ചു കൊന്നു

Update: 2025-03-09 11:58 GMT

പാറ്റ്‌ന: അമ്മാവന്റെ ഷര്‍ട്ട് ധരിച്ച് മാര്‍ക്കറ്റില്‍ പോയ പതിനെട്ടുകാരനെ ആളുമാറി വെടിവച്ചു കൊന്നു. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലെ മഗാധഹി സ്‌കൂളിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. അശോക് റായ് എന്നയാളുടെ മകനായ ആയുഷ് യാദവാണ് മരിച്ചത്. ആയുഷിന്റെ അമ്മാവന്‍ വിജയ് യാദവുമായി പ്രദേശവാസികളായ ചിലര്‍ക്ക് വസ്തുതര്‍ക്കമുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. അവര്‍ വിജയ് യാദവിനെ കൊല്ലാന്‍ ഒരു സംഘത്തെ ഏര്‍പ്പാടാക്കിയിരുന്നു. ഈ സംഘമാണ് വിജയ് യാദവിന്റെ ഷര്‍ട്ട് ധരിച്ച ആയുഷ് യാദവിനെ ആളുമാറി വെടിവച്ചു കൊന്നത്. സംഭവത്തില്‍ സജന്‍ കുമാര്‍, മുകേഷ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എഎസ്പി സഞ്ജയ് പാണ്ഡെ പറഞ്ഞു. ആയുഷും സുഹൃത്തും ബൈക്കില്‍ പോവുമ്പോള്‍ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ സ്‌കൂളിന് സമീപം വച്ച് വെടിവയ്ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ് ബൈക്കില്‍ നിന്ന് വീണ ആയുഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും എഎസ്പി പറഞ്ഞു.