ബിഹാറില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 48 ലക്ഷം പേര്‍ പുറത്ത്
പറ്റ്‌ന: ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണമെന്ന പേരില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്ന പദ്ധതിക്ക് ശേഷമാണ് പുതിയ പട്ടിക പുറത്തുവിട്ടത്. 7.42 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്ളത്. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, 7.89 കോടി വോട്ടമാരായിരുന്നു ജൂണ്‍ മാസത്തില്‍ ഉണ്ടായിരുന്നത്. അതിലെ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ആഗസ്റ്റില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. കരട് പട്ടികയില്‍ ഉള്ളതിനേക്കാള്‍ 21.53 ലക്ഷം അധികം വോട്ടര്‍മാര്‍ അന്തിമവോട്ടര്‍ പട്ടികയിലുണ്ട്. മുമ്പുണ്ടായിരുന്ന വോട്ടര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 48 ലക്ഷത്തില്‍ അധികം പേര്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസ് നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഒക്ടോബര്‍ ഏഴിനാണ് ഈ കേസ് കോടതി പരിഗണിക്കുക. ധക്ക മണ്ഡലത്തിലെ 80,000 മുസ്‌ലിംകളുടെ വോട്ടുകള്‍ വെട്ടാന്‍ ബിജെപി നല്‍കിയ അപേക്ഷകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു നിലപാട് സ്വീകരിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്.