സ്വതന്ത്ര പരിഭാഷ: ശ്രീവിദ്യ കാലടി
ന്യൂഡല്‍ഹി: ജനസംഖ്യയുടെ ഏകദേശം 18ശതമാനം വരുന്ന മുസ് ലിംകള്‍ 87ലധികം മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു സംസ്ഥാനമായിട്ടും 2025ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ സാന്നിധ്യം അപ്രസ്‌കതമാകുന്ന കാഴ്ചയാണ് ബിഹാറിലേത്. പ്രധാന പാര്‍ട്ടികള്‍ അവരുടെ അന്തിമ പട്ടികകള്‍ പുറത്തിറക്കുമ്പോള്‍, മുസ് ലിം സമുദായത്തില്‍ നിന്നുള്ളവര്‍ ചിത്രത്തില്‍ ഇല്ലാതിരിക്കുന്ന ഭയാനകമായ അവസ്ഥയാണ് ബിഹാറിലേത്. അത് ഏറ്റവും വ്യക്തമായി അത് പുറത്തുവരുന്നത് ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ (എന്‍ഡിഎ) നിന്നാണ്.
243 നിയമസഭാ സീറ്റുകളില്‍ അഞ്ചുമുസ് ലിം സ്ഥാനാര്‍ഥികളെ മാത്രമേ എന്‍ഡിഎ നിര്‍ത്തിയിട്ടുള്ളൂ. 101 സീറ്റുകളില്‍ മല്‍സരിക്കുന്ന ബിജെപി മുസ് ലിം സമുദായത്തെ മനപ്പൂര്‍വം അരികുവല്‍ക്കരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയായ ജെഡിയു നാലുമുസ് ലിംകളെ മാത്രമേ നാമനിര്‍ദേശം ചെയ്തിട്ടുള്ളൂ . സബ സഫര്‍ (അമൂര്‍), മന്‍സാര്‍ ആലം (ജോക്കിഹാത്ത്), ഷഗുഫ്ത അസിം (അരാരിയ), മുഹമ്മദ് സമ ഖാന്‍ (ചൈന്‍പൂര്‍). അഞ്ചാമനായ മുഹമ്മദ് കലിമുദ്ദീന്‍ എല്‍ജെപി (റാം വിലാസ്) എന്നിവരാണ് മല്‍സരിക്കുന്നവര്‍. 'ഇത് പ്രാതിനിധ്യമല്ല നിയന്ത്രണമാണ്,' രാഷ്ട്രീയ വിശകലന വിദഗ്ധന്‍ മഹ്‌മൂദ് ആലം പറയുന്നു. 'മുസ് ലിം സ്ഥാനാര്‍ഥികളെ ചേരിവല്‍ക്കരിക്കപ്പെട്ട മണ്ഡലങ്ങളിലേക്ക് ഒതുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാതി അടിസ്ഥാനമാക്കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയമാണ് ബിജെപിയുടേത്. ഉയര്‍ന്ന ജാതിക്കാര്‍ക്കാണ് ഒരു പ്രധാന പങ്ക് സീറ്റുകള്‍ ലഭിച്ചത്, അതായത് 243 ല്‍ 85 സീറ്റുകള്‍ എന്നിങ്ങനെയാണ് അവര്‍ക്ക് ലഭിച്ച സീറ്റുകള്‍. പ്രതിപക്ഷമായ ഇന്ത്യാ സഖ്യം ഒരു സമ്മിശ്ര ചിത്രമാണ് സീറ്റുവിഭജനത്തില്‍ നല്‍കുന്നത്. പൂര്‍ണ്ണ പട്ടിക ഇതുവരെ പുറത്തിറക്കാത്ത ആര്‍ജെഡി ഇതുവരെ മൂന്ന് മുസ് ലിം സ്ഥാനാര്‍ഥികളെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. 48 സീറ്റുകളില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് നാല് മുസ് ലിം സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഏഴ് മുസ് ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി 32 സീറ്റുകളില്‍ മല്‍സരിക്കാന്‍ പദ്ധതിയിടുന്നുവെന്ന് റിപോര്‍ട്ടുകള്‍ വരുന്നുണ്ട്.
മുസ് ലിം സമുദായത്തെ മനപൂര്‍വം മാറ്റി നിര്‍ത്താനുള്ള എന്‍ഡിഎയുടെ പദ്ധതിയാണ് സീറ്റുവിഭജനത്തില്‍ കാണാവുന്നത്. അത് തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ അവര്‍ ആരംഭിച്ചിരുന്നു. അത് കാലങ്ങളായി അവര്‍ ചെയ്തുവരികയാണ്. ചരിത്രം പരിശോധിച്ചാല്‍ അതിനുള്ള തെളിവുകള്‍ കാണാന്‍ കഴിയും.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമുദായ പരിപാടികളില്‍ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചത്, വിവാദമായ വഖ്ഫ് ഭേദഗതി ബില്ലിനെ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പിന്തുണച്ചത്, 'അവര്‍ തനിക്ക് വോട്ട് ചെയ്തില്ല' എന്ന കാരണത്താല്‍ മുസ് ലിംകളെയോ യാദവരെയോ സഹായിക്കില്ലെന്ന് പ്രഖ്യാപിച്ച ജെഡി (യു) നേതാവ് ദേവേഷ് താക്കൂറിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

