അപകടത്തിനുശേഷം തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ച് നാട്ടുകാര്‍

Update: 2025-08-28 12:25 GMT

പാറ്റ്‌ന: റോഡപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് ഓടിച്ച് ഗ്രാമവാസികള്‍. ബിഹാര്‍ ഗ്രാമവികസനമന്ത്രി ശ്രാവണ്‍ കുമാറിനെയാണ് ഗ്രാമവാസികള്‍ ഗ്രാമത്തില്‍നിന്ന് ഓടിച്ചത്. ഗ്രാമത്തിലെ ഒരു അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മന്ത്രി സമയത്ത് എത്താത്തതാണ് പ്രകോപനത്തിന് കാരണമായത്. ബിഹാറിലെ നളന്ദ ജില്ലയില്‍ ഉള്‍പ്പെട്ട ജോഗിപുര്‍ മലാവന്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. പ്രാദേശിക എംഎല്‍എയ്‌ക്കൊപ്പം ബുധനാഴ്ച രാവിലെയാണ് മന്ത്രി ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കാന്‍ ഗ്രാമത്തിലെത്തിയത്. മന്ത്രിയും സംഘവും എത്തിച്ചേര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഗ്രാമവാസികള്‍ അവരെ സമീപിക്കുകയും വളയുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാഷ്ട്രീയക്കാര്‍ ഇരകളുടെ കുടുംബങ്ങളോട് മാനുഷിക പരിഗണന കാണിച്ചില്ലെന്നും ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. രോഷാകുലരായ ഗ്രാമവാസികള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വലിയ പരിക്കേല്‍ക്കുന്നതിന് മുമ്പു മന്ത്രിയും കൂട്ടാളികളും അവിടെനിന്നു വാഹനത്തിലേക്ക് ഓടി, ഉടന്‍തന്നെ സ്ഥലംവിട്ടു. 

സംഭവത്തില്‍ മന്ത്രിയുടെ അംഗരക്ഷകന് പരിക്കേറ്റു. അദ്ദേഹത്തെ ഹില്‍സ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.