പറ്റ്‌ന: ബിഹാറിലെ അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തീവ്ര പരിഷ്‌കരണത്തിനു ശേഷമുള്ള പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറത്തുവിടുക. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം പേരാണ് പുറത്തായത്. ഒക്ടോബര്‍ ഏഴിന് എസ്‌ഐആറുമായി ബന്ധപ്പെട്ട ഹരജികളില്‍ സുപ്രിംകോടതി വാദം കേള്‍ക്കും.
ബിഹാറില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പുറത്തിറക്കുന്നത്. നവംബര്‍ 22ന് നിയമസഭയുടെ കാലാവധി കഴിയുന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഒക്ടോബര്‍ ആദ്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിഹാര്‍ സന്ദര്‍ശിക്കുന്നുണ്ട്.
തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനയിലൂടെ 65 ലക്ഷത്തിലധികം വോട്ടര്‍മാരാണ് പുറത്തായത്. തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച 7 കോടി 23 ലക്ഷത്തോളം വോട്ടര്‍മാരുടെ അപേക്ഷകളില്‍ 35 ലക്ഷം വോട്ടര്‍മാര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന പേരിലാണ് പുറത്താക്കിയത്. 7 ലക്ഷം വോട്ടര്‍മാര്‍ രണ്ടോ അതില്‍ കൂടുതലോ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കാണിച്ചാണ് പേരുകള്‍ വെട്ടിയത്. മരണപ്പെട്ട 22 ലക്ഷം ആളുകളുടെ പേരുകളും ഒഴിവാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്.
