ബീഹാര്‍ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ജെഡിയു

Update: 2025-10-15 08:53 GMT

പട്ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ജെഡിയു. മന്ത്രിമാരായ ശ്രാവണ്‍ കുമാര്‍, വിജയ് കുമാര്‍ ചൗധരി, മഹേശ്വര്‍ ഹസാരി എന്നിവരുള്‍പ്പെടെ 51 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ജെഡിയു ടിക്കറ്റില്‍ ഇതിനകം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച അനന്ത് സിങ്ങും ഇതില്‍ ഉള്‍പ്പെടുന്നു. സീറ്റ് വിഭജനത്തെച്ചൊല്ലി എന്‍ഡിഎ സഖ്യത്തിനുള്ളില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്.

എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകള്‍ വീതം മല്‍സരിക്കും. ബാക്കി സീറ്റുകള്‍ സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. എല്‍ജെപി (റാം വിലാസ്) ന് 29 സീറ്റുകള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം), രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍എല്‍എം) എന്നിവയ്ക്ക് ആറുസീറ്റുകള്‍ വീതവും നല്‍കി. എന്നിരുന്നാലും, സീറ്റ് വിഭജനത്തില്‍ എച്ച്എഎം, ആര്‍എല്‍എം പാര്‍ട്ടികളുടെ നേതാക്കള്‍ ഇതിനകം തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

നവംബര്‍ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്. നവംബര്‍ 14 ന് വോട്ടെണ്ണല്‍ നടക്കും.

Tags: