ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം അവിശ്വസനീയം, നടന്നത് വോട്ടു കൊള്ളയെന്ന് കോണ്‍ഗ്രസ്

ഇന്ത്യാസഖ്യം ഡാറ്റകള്‍ ശേഖരിച്ച് വിശകലനം ചെയ്യുമെന്നും കെ സി വേണുഗോപാല്‍

Update: 2025-11-15 08:55 GMT

ന്യൂഡല്‍ഹി: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകള്‍ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരേ ശക്തമായിട്ടുള്ള നിയമ നടപടികളും, തുടര്‍നടപടികളും ഉണ്ടാവും. ഡാറ്റകള്‍ ശേഖരിച്ച് പരിശോധിക്കും. തേജസ്വി യാദവുമായി സംസാരിച്ചു. ബിഹാര്‍ ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് 90% സ്ഥാനാര്‍ഥികളും ജയിക്കുക എന്നുള്ളത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്. അങ്ങനെയൊരു സാഹചര്യം ബിഹാറില്‍ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്കാര്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. കൃത്യമായിട്ടുള്ള വിവരശേഖരണം നടത്തുകയാണ്. ബിഹാറിലും വോട്ടു കൊള്ള നടന്നുവെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. എല്ലാ ബൂത്തുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഔദ്യോഗികമായി ഒരു മറുപടിയും പറഞ്ഞിട്ടില്ല. ജെഡിയു ഇങ്ങോട്ടേക്കു മാറിക്കഴിഞ്ഞാല്‍ പോലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഡിസൈന്‍ഡ് തിരഞ്ഞെടുപ്പു ഫലമാണ് ബിഹാറില്‍ ഉണ്ടായിരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Tags: