ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്, ഇന്‍ഡ്യാ സഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദി; രാഹുല്‍ ഗാന്ധി

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി

Update: 2025-11-15 02:12 GMT

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. മഹാസഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ച കോടിക്കണക്കിന് വോട്ടര്‍മാരോട് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്നും രാഹുല്‍ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയും മുന്നണിയും വിലയിരുത്തും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. തുടക്കം മുതലേ നീതിപൂര്‍വമല്ലാതിരുന്ന തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് ജയിക്കാനായില്ലെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

ബിഹാറില്‍ മഹാസഖ്യത്തെ തോല്‍പ്പിച്ചാണ് എന്‍ഡിഎ വിജയിച്ചത്. 243ല്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ പിടിച്ചെടുത്താണ് ജെഡിയു-ബിജെപി സഖ്യം വിജയിച്ചത്. എസ്ഐആര്‍, വോട്ടുകൊള്ള, മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ആരോഗ്യം, തുടങ്ങി പ്രതിപക്ഷ പ്രചാരണങ്ങളെ മറികടന്നാണ് എന്‍ഡിഎയുടെ വിജയം. ജെഡിയു, ബിജെപി എന്നിവര്‍ എണ്‍പതിലേറെ സീറ്റില്‍ വിജയിച്ചു. കഴിഞ്ഞ തവണത്തേതിനെക്കാള്‍ ഇരട്ടിയോളം സീറ്റുകളിലാണ് ജെഡിയുവിന്റെ വിജയം. ബിജെപി കഴിഞ്ഞ തവണത്തേതിനെക്കാള്‍ സീറ്റുകള്‍ കൂട്ടി. കഴിഞ്ഞ തവണ ഒറ്റ സീറ്റില്‍ ഒതുങ്ങിയ എല്‍ജെപി ഇത്തവണ ഇരുപതിലേറെ സീറ്റില്‍ വിജയിച്ചു.

രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും കൈകോര്‍ത്തു നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്ന മഹാസഖ്യത്തിന്റെ വിശ്വാസം തകര്‍ന്നടിഞ്ഞു. ആര്‍ജെഡിക്ക് ഇരട്ടിയിലേറെ സീറ്റുകള്‍ കുറഞ്ഞു. 60 സീറ്റില്‍ മല്‍സരിച്ചെങ്കിലും രണ്ടക്കം പോലും കടക്കാനാകാതെയാണ് കോണ്‍ഗ്രസിന്റെ പതനം. കഴിഞ്ഞ തവണ അഞ്ചു സീറ്റു നേടിയ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനും പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായില്ല.