ബിഹാര്‍: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് വൈകുന്നേരം 4 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.ദേശീയ തലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ നിന്നായിരിക്കും പ്രഖ്യാപനം. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന നവംബര്‍ 22 ന് മുമ്പ് ബീഹാറിലെ 243 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയെന്നും ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
ബിഹാറില്‍ ഒരു പോളിങ് സ്റ്റേഷനില്‍ 1200 വോട്ടര്‍മാരായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.തിരക്ക് കുറയ്ക്കാനും ക്യൂവിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും ലക്ഷ്യമുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങളുള്ള റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലും സൊസൈറ്റികളിലും കൂടുതല്‍ ബൂത്തുകള്‍ സ്ഥാപിക്കും. സ്ഥാനാര്‍ഥികള്‍ക്ക് അനൗദ്യോഗിക തിരിച്ചറിയല്‍ സ്ലിപ്പുകള്‍ നല്‍കാനുള്ള ബൂത്തുകള്‍ സ്ഥാപിക്കാം. ഈ ബൂത്തുകള്‍ പോളിങ് സ്റ്റേഷനില്‍ നിന്ന് 100 മീറ്ററിന് അപ്പുറം ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്.
രാജ്യത്ത് സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണം (എസ്‌ഐആര്‍) കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും തിരഞ്ഞെടുപ്പ് കൂടുതല്‍ സുഗമമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കിയ 17 പുതിയ പദ്ധതികള്‍ ഇന്ത്യയിലെ മറ്റ് തിരഞ്ഞെടുപ്പുകളിലും നടപ്പിലാക്കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.
ഒക്ടോബര്‍ അവസാനം ആഘോഷിക്കുന്ന 'ഛഠ് പൂജ' ഉല്‍സവത്തിന് തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് പല രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ധാരാളം ആളുകള്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ കൂടുതല്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്.
