ഇസ്രായേല്‍-ഗസ യുദ്ധം നിലനിര്‍ത്താന്‍ വന്‍കിട ആയുധ കമ്പനികള്‍ സഹായം നല്‍കുന്നു, റിപോര്‍ട്ട്

Update: 2025-07-01 11:24 GMT

ന്യൂയോര്‍ക്ക്: ഗസയിലെ ഇസ്രായേലി കുടിയേറ്റങ്ങളെയും സൈനിക നടപടികളെയും പിന്തുണയ്ക്കുന്നതില്‍ പ്രധാന ആയുധ നിര്‍മ്മാതാക്കളും സാങ്കേതിക സ്ഥാപനങ്ങളും ഉള്‍പ്പെടെ 60ലധികം കമ്പനികളുടെ പങ്ക് വെളിപ്പെടുത്തി യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടറും ഇറ്റാലിയന്‍ മനുഷ്യാവകാശ അഭിഭാഷകയുമായ ഫ്രാന്‍സെസ്‌ക അല്‍ബനീസ്. സംസ്ഥാനങ്ങള്‍, മനുഷ്യാവകാശ സംരക്ഷകര്‍, കമ്പനികള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍, കമ്പനികള്‍ ഇസ്രായേലുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.'ഗസയിലെ ജീവിതം തുടച്ചുനീക്കപ്പെടുകയും വെസ്റ്റ് ബാങ്ക് വര്‍ധിച്ചുവരുന്ന ആക്രമണത്തിന് വിധേയമാകുകയും ചെയ്യുമ്പോള്‍, ഇസ്രായേലിന്റെ വംശഹത്യ തുടരുന്നത് എന്തുകൊണ്ടാണെന്ന് ഈ റിേപാര്‍ട്ട് വ്യക്തമാക്കുന്നു: കാരണം ഇത് പലര്‍ക്കും ലാഭകരമാണ്,' 27 പേജുള്ള രേഖയില്‍ അല്‍ബനീസ് എഴുതി.

ജനീവയിലെ ഇസ്രായേലിന്റെ ദൗത്യസംഘം റിപോര്‍ട്ട് നിയമപരമായി അടിസ്ഥാനരഹിതവും, അപകീര്‍ത്തികരവുമാണെന്ന് പറഞ്ഞു.

അതേസമയം, ഇന്ന് പുലര്‍ച്ചെ നെറ്റ്‌സാരിം ഇടനാഴിക്ക് സമീപമുള്ള മാനുഷിക ദുരിതാശ്വാസ വിതരണ കേന്ദ്രത്തില്‍ സഹായം തേടിയ 16 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി.

ഗസയില്‍ സൈനിക നടപടികള്‍ ആരംഭിച്ചതിനുശേഷം, ഇതുവരെ ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ ഏകദേശം 600 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 4,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.