ഭൂട്ടാന്‍ വാഹനക്കടത്തു കേസ്; നടന്‍ അമിത് ചക്കാലക്കലിന് ഇഡി നോട്ടീസ്
ദുല്‍ഖറിനെയും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിക്കും
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ്. നടന്‍ അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. ദുല്‍ഖര്‍ സല്‍മാനും ഉടന്‍ നോട്ടീസ് നല്‍കും. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡി അന്വേഷണം. ഇഡി റെയ്ഡ് നടത്തുകയും വാഹനങ്ങളുടെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യാജ രേഖകള്‍ വഴി കാര്‍ ഇറക്കുമതി ചെയ്‌തെന്ന് കണ്ടെത്തിയ നടന്‍ അമിത് ചക്കാലക്കിനോട് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന്‍ വാഹനക്കടത്തിലെ കളളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. ദുല്‍ഖറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും നോട്ടീസയക്കുക. താരത്തോട് ഹാജരാകാന്‍ ആവശ്യപ്പെടാന്‍ തീരുമാനമായിട്ടുണ്ട്.
ദുല്‍ഖറിന്റെ നാലു കാറും അമിത് ചക്കാലക്കിന്റെ ആറു വാഹനങ്ങളിലുമാണ് ഇഡി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചെന്ന സംശയവുമുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാന്‍ ഇഡി തീരുമാനിച്ചത്. കസ്റ്റംസ് ഇരുവരുടെയും വീടുകളില്‍ റെയ്ഡ് നടത്തി വാഹനം പിടികൂടിയതിനു പിന്നാലെയാണ് കേസില്‍ ഇഡി എത്തിയത്.
