ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്; അസമിലെ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് കേസിലെ പ്രതിയായ അസമിലെ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ദീപക് പഠോവരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. മാര്‍ച്ച് 13-നകം കോടതിയില്‍ കീഴടങ്ങാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് പാലിക്കാതെയും കീഴടങ്ങാതെയും നല്‍കുന്ന ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.വ്യാജ രേഖകള്‍ ചമച്ച് ഭൂട്ടാനില്‍ നിന്ന് മുപ്പത്തിയാറോളം ആഡംബര വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ദീപക് പഠോവരിക്കെതിരെയുള്ള കണ്ടെത്തല്‍.
ഭൂട്ടാനില്‍ നിന്നുള്ള വിദേശ നിര്‍മ്മിത സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ അനധികൃതമായി ഇന്ത്യയിലെത്തിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യാജ രജിസ്ട്രേഷന്‍ നടത്തി വില്‍ക്കുന്നതാണ് സംഘത്തിന്റെ രീതി. കൊച്ചി കസ്റ്റംസ് യൂണിറ്റ് നടത്തിയ 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന നീക്കത്തിലൂടെയാണ് അന്തര്‍ദേശീയ തലത്തില്‍ നടന്ന ഈ വന്‍ വാഹനക്കടത്ത് റാക്കറ്റിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നത്.
കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വദീപ് ദാസ് ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ തന്നെ കസ്റ്റംസ് പിടികൂടിയിരുന്നു. ഷില്ലോങ് കസ്റ്റംസിന്റെയും സശസ്ത്ര സീമാ ബെല്ലിന്റെയും സഹായത്തോടെയാണ് ദീപക് പഠോവരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കൊച്ചി കസ്റ്റംസ് പിടികൂടിയത്. വാഹനക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.