ഭൂട്ടാന്‍ വാഹനക്കടത്ത്; നടന്‍ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യും

Update: 2025-09-25 04:46 GMT

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്‍ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. പിടിച്ചെടുത്ത വാഹനങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കസ്റ്റംസ്. അമിത് ചക്കാലക്കലില്‍ നിന്ന് ഏഴ് വാഹനങ്ങളായിരുന്നു പിടിച്ചെടുത്തത്. ഇതില്‍ രണ്ടെണ്ണം കസ്റ്റംസിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവ അമിത്തിന്റെ വര്‍ക്ക് ഷോപ്പിലാണുള്ളത്. തന്റെ ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തതെന്ന് കഴിഞ്ഞദിവസം അമിത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഗോവയില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പാണ് 99 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ വാങ്ങിയതെന്നും മറ്റുവാഹനങ്ങള്‍ അറ്റകുറ്റപണിക്കായി വര്‍ക്ക് ഷോപ്പിലെത്തിയവയാണെന്നുമാണ് അമിത് പറഞ്ഞത്. എന്നാല്‍ അമിത് ചക്കാലക്കലിന് വാഹനഇടപാടുമായി ബന്ധമുണ്ടെന്നും ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ താരങ്ങള്‍ക്കടക്കം എത്തിച്ചുനല്‍കിയതില്‍ മുഖ്യഇടനിലക്കാരന്‍ അമിത് ആണെന്നുമാണ് കസ്റ്റംസ് പറയുന്നത്. പിടിച്ചെടുത്ത വാഹനങ്ങളെല്ലാം അമിത്തിന്റേതാണെന്നും കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അടുത്ത ബന്ധമുള്ളതായും കസ്റ്റംസ് പറയുന്നു. മാഫിയയുമായി വലിയ രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ദിവസം രണ്ടുമണിക്കൂറോളം നടനെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ സ്ഥലങ്ങളിലും ഇന്ന് പരിശോധനക്ക് സാധ്യതയുണ്ട്.

Tags: