തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ സര്‍ക്കാറിന്റെ നിലപാട് ഗവര്‍ണറെ അറിയിച്ച് മുഖ്യമന്ത്രി. സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചിത്രങ്ങള്‍ പാടില്ലെന്നും ഇത്തരം ബിംബങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
ഔദ്യോഗിക പരിപാടികളില്‍ ഇത്തരം ബിംബങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കത്തില്‍ വിമര്‍ശനമുണ്ട്. സ്‌കൗട്ട് ആന്റ് ഗൈഡുമായി ബന്ധപ്പെട്ട പരിപാടിയിലും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പരിപാടിയിലും ഉണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. നിലവില്‍ സംസ്ഥാനത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് തുടരുകയാണ്. മുഖ്യമന്ത്രിക്ക് തിരിച്ച് കത്തയക്കാനുള്ള ഒരുക്കത്തിലാണ് രാജ്ഭവന്‍ എന്നാണ് സൂചനകള്‍.
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് ആദ്യം വിവാദമുയര്‍ന്നത്, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ പരിപാടി രാജ്ഭവനില്‍ വച്ച് നടത്താന്‍ തീരുമാനിച്ചതു മുതലാണ്. പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെചൊല്ലിയായിരുന്നു പ്രശ്‌നം ഉടലെടുത്തത്. സര്‍ക്കാര്‍ പരിപാടിയില്‍ ഇത്തരമൊരു ബിംബം അംഗീകരിക്കാനാവില്ലെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കൃഷിമന്ത്രി പി പ്രസാദ് രാജ്ഭവനെ അറിയിച്ചു. തുടര്‍ന്ന് ചടങ്ങ് സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര ദാനച്ചടങ്ങിനെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രസംഗത്തിനിടെ വിഷയത്തില്‍, രാജ്ഭവനെതിരേയുള്ള പ്രതിഷേധം അറിയിച്ച് ഇറങ്ങിപോകുകയും ചെയ്തിരുന്നു.
