യുവ അഭിഭാഷകയെ മര്‍ദിച്ച ബെയ്‌ലിന്‍ ദാസ് പിടിയില്‍

Update: 2025-05-15 13:46 GMT

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്‌റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാളെ പോലിസ് പിടികൂടിയത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിന്‍ ദാസിനെ തുമ്പ പോലിസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ വഞ്ചിയൂര്‍ കോടതിയില്‍ ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

തന്റെ ജൂനിയറായ പാറശാല കരുമാനൂര്‍ കോട്ടവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാമിലിയെ (26) മര്‍ദിച്ച ശേഷം ബെയ്‌ലിന്‍ ദാസ് വലിയതുറ കോസ്റ്റല്‍ സ്‌പെഷല്‍റ്റി ആശുപത്രിയിലെത്തി ചികിത്സ തേടിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. മുഖത്തു പരുക്കേറ്റെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ശ്യാമിലിക്കെതിരെ കൗണ്ടര്‍ കേസെടുപ്പിക്കാനായിരുന്നു ഈ നീക്കമെന്നാണു പോലിസ് കരുതുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വഞ്ചിയൂരിലെ ഓഫിസില്‍ വച്ച് ബെയ്‌ലിന്‍ ദാസ് ശ്യാമിലിയുടെ മുഖത്തടിച്ചത്.