അൽജസീറ 'ഭീകര ചാനൽ', ഇസ്രായേലിൽ അടച്ചുപൂട്ടുമെന്ന് നെതന്യാഹു

Update: 2024-04-02 10:03 GMT

തെല്‍അവീവ്: അല്‍ജസീറ 'ഭീകര ചാനല്‍' ആണെന്നും ഇസ്രായേലില്‍ അടച്ചുപൂട്ടുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സുരക്ഷ ഭീഷണിയുയര്‍ത്തുന്ന വിദേശ വാര്‍ത്ത ശൃംഖലകള്‍ അടച്ചുപൂട്ടാന്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് അധികാരം നല്‍കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയ ശേഷമാണ് പ്രകോപനം പരത്തുന്ന 'ഭീകര ചാനല്‍' എന്ന് അല്‍ജസീറയെ വിശേഷിപ്പിച്ചത്.

അല്‍ ജസീറ ഇസ്രായേലിന്റെ സുരക്ഷയെ ഹനിച്ചെന്നും ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയില്‍ സജീവമായി പങ്കുവഹിച്ചെന്നും ഇസ്രായേല്‍ സൈനികര്‍ക്കെതിരെ വെറുപ്പ് പരത്തിയെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാനലിന്റെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി.

അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ തെറ്റായ ആരോപണങ്ങള്‍ക്കും പ്രേരണക്കും ശേഷം ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെയും നെറ്റ്‌വര്‍ക്കിന്റെയും സുരക്ഷയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരിക്കുമെന്ന് അല്‍ ജസീറ പ്രതികരിച്ചു. ഇത്തരം അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ധീരവും പ്രഫഷനല്‍ കവറേജും തുടരുന്നതില്‍നിന്ന് ഞങ്ങളെ തടയില്ലെന്നും എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അല്‍ ജസീറ അധികൃതര്‍ പറഞ്ഞു.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറക്കെതിരായ ഇസ്രായേലിന്റെ വൈരാഗ്യം ദീര്‍ഘകാലമായി തുടരുന്നതാണ്. ഇസ്രായേല്‍ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തര്‍ സര്‍ക്കാര്‍ പ്രധാന പങ്ക് വഹിക്കുന്ന സമയത്താണ് ഇസ്രായേലിന്റെ നടപടി.

Tags: