മലയാളി യുവാവ് ബെംഗളൂരുവില്‍ മരിച്ച സംഭവം; ഒപ്പം താമസിച്ച രണ്ട് യുവതികള്‍ക്കെതിരേ കേസ്
ബെംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവ് ബെംഗളൂരുവില്‍ മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഒപ്പം താമസിച്ചുവന്ന രണ്ട് മലയാളി യുവതികള്‍ക്കെതിരേ പോലിസ് കേസെടുത്തു. തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിനു സമീപം കളഭം വീട്ടില്‍ സി പി വിഷ്ണു (39) ആണ് മരിച്ചത്. യെല്ലനഹള്ളിയില്‍ റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. സ്വകാര്യ കമ്പനികളില്‍ ജോലിചെയ്തുവരുന്ന സൂര്യാ കുമാര്‍, ജ്യോതി എന്നിവരോടൊപ്പം അപ്പാര്‍ട്ട്‌മെന്റിലെ ഫ്ളാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ വിഷ്ണുവിനെ ഫ്ളാറ്റിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതായി യുവതികളിലൊരാള്‍ ഫോണില്‍ അറിയിക്കുകയായിരുന്നെന്ന് സഹോദരന്‍ ജിഷ്ണു ഹുളിമാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ജീവനൊടുക്കിയതെന്നും സഹോദരന്‍ ആരോപിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതികളില്‍ ഒരാളുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും പറയുന്നു.