ആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സൊസാലെ കസ്റ്റഡിയില്‍ തുടരും

ബംഗളൂരു: ബംഗളൂരുവിലെ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ച കേസില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്) മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സൊസാലെ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ കര്‍ണാടക ഹൈക്കോടതി മാറ്റിവച്ചു. അറസ്റ്റിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ ബുധനാഴ്ച രാവിലെ വരെ സംസ്ഥാന സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്നാണിത്.
നിഖിലിനെ ഉടന്‍ വിട്ടയക്കണമെന്ന് നിഖില്‍ സൊസാലെക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് എസ് ആര് കൃഷ്ണ കുമാര്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ച രാവിലെയിലേക്ക് മാറ്റുകയായിരുന്നു.
2025 ജൂണ്‍ 5 നാണ് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ചത്. സംഭവത്തില്‍ നിഖില്‍ സൊസാലെ അറസ്റ്റിലായി. സുപ്രീം കോടതി വിധി പ്രകാരം, നിയമവിരുദ്ധമായി കണക്കാക്കിയാല്‍ അറസ്റ്റ് ഒരു മിനിറ്റ് പോലും തുടരാന്‍ പാടില്ല എന്ന് നിഖില്‍ സൊസാലെയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.
കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കൈമാറിയപ്പോള്‍ അറസ്റ്റ് നടത്താന്‍ സിസിബിയെ ആരാണ് അധികാരപ്പെടുത്തിയതെന്ന് വിശദീകരിക്കുന്ന ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നും റിമാന്‍ഡ് അപേക്ഷയില്‍ ഈ വിശദാംശങ്ങളൊന്നും പരാമര്‍ശിക്കുന്നില്ലെന്നും അഭിഭാഷകന് പറഞ്ഞു.