ഗണപതിയുടെ പ്രതിമകള്‍ക്ക് രൂപമാറ്റമെന്ന്; പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നേരെ ആക്രമണം

Update: 2025-07-22 03:33 GMT

ഭോപ്പാല്‍: ഗണപതിയുടെ പ്രതിമകള്‍ക്ക് രൂപമാറ്റമെന്ന് ആരോപിച്ച് പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളെ ബജ്‌റങ് ദളുകാര്‍ ആക്രമിച്ചു. ചന്ദ്രനാഥ് പാല്‍, രാജു പാല്‍, രതന്‍ ലാല്‍ പാല്‍ എന്നീ പ്രതിമാ നിര്‍മാതാക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ മുഖത്ത് കരിയും തേച്ചു. ഭക്തര്‍ നല്‍കുന്ന ചിത്രങ്ങള്‍ക്ക് അനുസൃതമായാണ് പ്രതിമകള്‍ നിര്‍മിക്കുന്നതെന്ന് മൂവരും ഹിന്ദുത്വരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പല തരത്തിലുള്ള ചിത്രങ്ങള്‍ നല്‍കി അതുപോലെയുള്ള പ്രതിമകള്‍ ഭക്തര്‍ ആവശ്യപ്പെടുന്നതായി നിര്‍മാതാക്കള്‍ പറഞ്ഞു.

ഉസാമ ബിന്‍ ലാദന്റെ ചിത്രത്തിന്റെ കൂടെ ഗണപതി നില്‍ക്കുന്ന പ്രതിമ വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നിര്‍മിച്ചു നല്‍കുമോയെന്നായിരുന്നു ഹിന്ദുത്വരുടെ ചോദ്യം. ഒരു ഭക്തയുടെ ആവശ്യപ്രകാരം ഗണപതിയുടെ ഭാര്യമാരെ ഗണപതി കൈകളിലെടുത്തു നില്‍ക്കുന്ന പ്രതിമയും നിര്‍മിച്ചിരുന്നു. പ്രതിമനിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തതായി ഇന്‍ഡോര്‍ ഡിസിപി അമരേന്ദ്ര സിങ് അറിയിച്ചു. ബംഗാളിലെ പ്രതിമ നിര്‍മാതാക്കളെ പോലിസ് നിരീക്ഷിക്കണമെന്ന് ബജ്‌റങ് ദളുകാര്‍ ആവശ്യപ്പെട്ടു.