ട്രെയിനില്‍ കഞ്ചാവ് കടത്തിയതിന് ബംഗാള്‍ സ്വദേശിക്ക് മൂന്നുവര്‍ഷം തടവ്, 50,000 രൂപ പിഴ

Update: 2025-09-27 10:22 GMT

മലപ്പുറം: ട്രെയിനില്‍ കഞ്ചാവ് കടത്തിയ കേസില്‍ ബംഗാള്‍ സ്വദേശിക്ക് മൂന്നുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ചുമത്തി. പശ്ചിമ ബംഗാള്‍ നാദിയ ജില്ലയിലെ ബിധാന്‍പാലി കല്യാണി സ്വദേശിയായ മുഹമ്മദ് ജുല്‍ഫിക്കര്‍ (54) നെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്.

2024 ഫെബ്രുവരി 6നു വൈകീട്ട് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍, ടോയ്‌ലറ്റിന് സമീപം എക്സൈസ് ഇന്‍സ്പെക്ടര്‍ എ സാദിഖാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈവശം 5.2 കിലോ ഉണക്ക കഞ്ചാവ് കണ്ടെത്തി.

കുറ്റിപ്പുറം എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പിന്നീട് റിമാന്‍ഡ് ചെയ്ത പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സുരേഷ് ആറുസാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും കോടതിയില്‍ ഹാജരാക്കി. ശിക്ഷാനന്തരമായി പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

Tags: