സ്‌കൂളിലെത്താന്‍ വൈകി; ബാഗുമായി 100 സിറ്റപ്പ് ശിക്ഷ, ആറാം ക്ലാസുകാരി മരിച്ചു

ശിശുദിനത്തിലാണ് അധ്യാപികയുടെ ക്രൂരത

Update: 2025-11-16 09:31 GMT

മഹാരാഷ്ട്ര: സ്‌കൂളിലെത്താന്‍ പത്തു മിനിറ്റ് വൈകിയതിന് ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത. ബാഗുമായി 100 സിറ്റപ്പ് എടുപ്പിച്ച വിദ്യാര്‍ഥിനി തളര്‍ന്നു വീഴുകയും ചികില്‍സക്കിടെ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ വസായിയിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിര്‍ ഹൈസ്‌കൂളിലെ കാജല്‍ ഗോണ്ട് എന്ന 12 വയസുകാരിയാണ് വെള്ളിയാഴ്ച മരിച്ചത്. സംഭവത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധവുമായി രക്ഷിതാക്കളും ബന്ധുക്കളുമെത്തി. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

സ്‌കൂളില്‍ വൈകിയെത്തിയതിനാണ് അധ്യാപിക കാജലിനെ 100 തവണ സിറ്റപ്പ് എടുക്കാന്‍ ശിക്ഷിച്ചത്. ഈ സമയം സ്‌കൂള്‍ ബാഗ് തോളില്‍ നിന്ന് മാറ്റാനും അധ്യാപിക അനുവദിച്ചില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ശിക്ഷ പൂര്‍ത്തിയായ ഉടന്‍ കാജല്‍ പുറം വേദന അനുഭവപ്പെടുന്നുവെന്ന് അധ്യാപികയോട് പരാതിപ്പെട്ടു. പിന്നാലെ കുട്ടി തളര്‍ന്നു വീഴുകയായിരുന്നു. ഉടനെ നാലാസോപാരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, ചികില്‍സയിലിരിക്കെ കുട്ടി മരണപ്പെട്ടു. കഠിനമായ ശിക്ഷയാണ് മകളുടെ പെട്ടന്നുള്ള ആരോഗ്യനില വഷളാകലിനും മരണത്തിനും കാരണമായതെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.