മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ്, സ്വന്തം നേതൃത്വത്തിലേക്ക് നോക്കുന്നത് നന്നായിരിക്കും; കോണ്‍ഗ്രസ് നേതൃത്വത്തോട് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ്, സ്വന്തം നേതൃത്വത്തിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ സെക്രട്ടറിയേറ്റിലെ പോര്‍ട്ടിക്കോയില്‍ വെച്ചാണ് കണ്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ കൃത്യമായി വ്യക്തമാക്കിയിരുന്നതാണെന്ന് ശിവന്‍കുട്ടിപറഞ്ഞു. ശബരിമലയിലെ ആവശ്യത്തിനായി പോലിസിന് ഒരു ആംബുലന്‍സ് കൈമാറുന്ന പരസ്യമായ ഒരു ചടങ്ങായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ആ ചടങ്ങിലെ ദൃശ്യങ്ങളില്‍ നിന്ന് സൗകര്യപൂര്‍വ്വം ചില ഭാഗങ്ങള്‍ മാത്രം കട്ട് ചെയ്‌തെടുത്ത്, വ്യാജമായ കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കയ്യിലിരുപ്പ് വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോഷോപ്പ് രാഷ്ട്രീയം. ആ ചടങ്ങിലെ യഥാര്‍ഥ ദൃശ്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ശ്രീമതി സോണിയാ ഗാന്ധിയുമായി ഇതേ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ പുറത്തുവിടാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനുണ്ടോ? എന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്ന് ജനങ്ങളോട് പറയാന്‍ തയ്യാറുണ്ടോ? എന്നും ശിവന്‍കുട്ടി ചോദിച്ചു.
നുണകള്‍ കൊണ്ട് കോട്ട കെട്ടാന്‍ നോക്കുന്നവര്‍, അത് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
