മോദി സര്‍ക്കാരിന്റെ കീഴില്‍ ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധനവുണ്ടായി: ദയാനന്ദ്

Update: 2025-11-27 06:48 GMT

ഉഡുപ്പി: ഇന്ത്യയിലെ മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്ത് ബീഫ് കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്ന് ലോക മൃഗക്ഷേമ ബോര്‍ഡിന്റെ പ്രസിഡന്റും ബെംഗളൂരു ആസ്ഥാനമായുള്ള വിശ്വ ഗോരക്ഷ മഹാപീഠത്തിന്റെ തലവനുമായ ദയാനന്ദ് സ്വാമി. ബീഫ് കയറ്റുമതി തടയാത്തതിനും പശുക്കശാപ്പ് നിരോധിക്കാത്തതിനും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്രമോദി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, മോദി മൂന്നുതവണ പ്രധാനമന്ത്രിയായിട്ടും രാജ്യവ്യാപകമായി പശുക്കശാപ്പ് നിരോധിച്ചില്ല. ''മോദിയുടെ നേതൃത്വത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ബീഫ് കയറ്റുമതി ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ന്നുവെന്നതാണ് നിര്‍ഭാഗ്യകരമായ യാഥാര്‍ത്ഥ്യം. നിലവില്‍, ഇന്ത്യ ബീഫ് കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്താണ്.'' അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് പശുക്കള്‍, പശുക്കിടാക്കള്‍, കാളകള്‍, എരുമകള്‍ എന്നിവയെ ദിവസേന കൊല്ലുന്നതായും അവയുടെ മാംസവും തോലും അന്താരാഷ്ട്രതലത്തില്‍ കയറ്റുമതി ചെയ്യുന്നതായും ദയാനന്ദ് സ്വാമി പറഞ്ഞു. ഈ നിര്‍ണായക വിഷയത്തില്‍ ആര്‍എസ്എസ് പോലും മൗനം പാലിക്കുന്നു. കര്‍ണാടക ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സമ്പൂര്‍ണ പശുക്കശാപ്പ് നിരോധനം ഇതിനകം പ്രാബല്യത്തില്‍ ഉണ്ട്. പക്ഷേ, ഇന്നുവരെ രാജ്യവ്യാപകമായി നിരോധനം നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.