മഹാരാഷ്ട്രയിലെ മുസ്‌ലിം പള്ളിയിൽ സ്ഫോടനം; രണ്ടു ഹിന്ദുത്വവാദികൾ പിടിയിൽ

Update: 2025-03-30 13:25 GMT

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മുസ്ലിം പള്ളിയിൽ ബോംബ് സ്ഥാപിച്ച്സ്ഫോടനം നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ജിയോറായ് തഹ്‌സിലിലെ അർധ മസ്‌ല ഗ്രാമത്തിലെ പള്ളിയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തിയ വിജയ് രാമ ഗവനെ (22), ശ്രീറാം അശോക് സാഗ്ഡെ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പുലർച്ചെ 2.30 ന് നടന്ന സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കെട്ടിടത്തിന് കാര്യമായ നാശമുണ്ടായി. പ്രതികളിൽ ഒരാൾ പള്ളിയുടെ പുറക് വശം വഴി അകത്ത് കയറി ജലാറ്റിൻ സ്റ്റിക്ക് സ്ഥാപിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ തടയാൻ ഗ്രാമത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ശനിയാഴ്ച രാത്രി ഗ്രാമത്തിൽ നടന്ന ഘോഷയാത്രക്കിടെ വാക്കേറ്റമുണ്ടായതായിനാട്ടുകാർ പറയുന്നു.ഗുഡി പദ് വ എന്ന ഉത്സവ വേളയിൽ ഹിന്ദുക്കൾ പള്ളിക്ക് സമീപമുള്ള ഹസ്രത്ത് സയ്യദ് ബാദ്ഷാ ദർഗ സന്ദർശിക്കാറുണ്ടെന്ന് ഒരു ഗ്രാമവാസി പറഞ്ഞു.

ഗുഡി പദ്‌വയുടെയും  ഈദിൻ്റെയും സംയുക്ത ആഘോഷം ഞായറാഴ്ച രാവിലെ നടക്കാനിരിക്കെയാണ് പുലർച്ചെ സ്ഫോടനം ഉണ്ടായത്. രാവിലെ ഗ്രാമത്തിൽ ഒരു സമാധാന സമിതി യോഗവും നടന്നു.