ജയ് ഭീം വിളിച്ചതിന് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച് അധ്യാപകര്‍

Update: 2025-09-01 06:08 GMT

ലഖ്‌നോ: ജയ് ഭീം വിളിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്പത്ത് ജില്ലയിലെ ധന്നോര സില്‍വര്‍നഗറിലെ ഇന്റര്‍മീഡിയറ്റ് കോളജില്‍ ആഗസ്റ്റ് 26നാണ് സംഭവം. അസംബ്ലിയിലെ പ്രാര്‍ത്ഥനാ സമയത്ത് ചില വിദ്യാര്‍ഥികള്‍ ജയ് ശ്രീറാം എന്ന് വിളിക്കുകയുണ്ടായി. ഇതേതുടര്‍ന്നാണ് ദലിത് വിദ്യാര്‍ഥികള്‍ ജയ് ഭീം എന്നുവിളിച്ചത്. ഇതേതുടര്‍ന്ന് സ്‌കൂളിലെ ഫിസിക്കല്‍ ട്രെയ്‌നിങ് ഇന്‍സ്ട്രക്ടറും രണ്ടു അധ്യാപകരും അഞ്ച് ദലിത് വിദ്യാര്‍ഥികളെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ജാതി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ അധ്യാപകര്‍ കുട്ടികളെ പുറത്താക്കുമെന്നും ഭീഷണി മുഴക്കി. അതിന് ശേഷം കുട്ടികള്‍ ബിനോലി പോലിസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ല. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ എസ്പി നരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.