ലണ്ടന്‍: ലോകത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലൊന്നായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) വിപുലമായ ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഏകദേശം 2,000 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. വാര്‍ഷിക ബജറ്റില്‍ പത്തു ശതമാനം കുറവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഏകദേശം 5,400 കോടി രൂപയുടെ ചെലവ് വെട്ടിക്കുറയ്ക്കാനാണ് പദ്ധതി. നിലവിലുള്ള 21,500 ജീവനക്കാരില്‍ പത്തിലൊന്ന് പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. 2027 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തോടെ പുനസംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവായ മാറ്റ് ബ്രിട്ടിന്‍ അടുത്ത മാസം ബിബിസിയുടെ പുതിയ ഡയറക്ടര്‍ ജനറലായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.
ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ് എന്നിവയുടെ വളര്‍ച്ചയോടെ പരമ്പരാഗത ലൈസന്‍സ് ഫീസ് വരുമാനത്തില്‍ ഇടിവുണ്ടായതായി ഇടക്കാല ഡയറക്ടര്‍ ജനറല്‍ റോഡ്രി ടാല്‍ഫന്‍ ഡേവിസ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ആഗോള സാമ്പത്തിക അസ്ഥിരതയും സ്ഥാപനത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്യുമെന്ററിയില്‍ തന്റെ പ്രസംഗം തെറ്റായി എഡിറ്റ് ചെയ്തുവെന്ന് ആരോപിച്ച് ഡോണള്‍ഡ് ട്രംപ് ബിബിസിക്കെതിരേ 10 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മുന്‍ ഡയറക്ടര്‍ ടിം ഡേവി, വാര്‍ത്താ വിഭാഗം മേധാവി ഡെബോറ ടെര്‍നസ് എന്നിവര്‍ നേരത്തെ രാജിവച്ചിരിന്നു.
'അറിവ് നല്‍കുക, വിദ്യാഭ്യാസം നല്‍കുക, വിനോദിപ്പിക്കുക' എന്ന ലക്ഷ്യവുമായാണ് 1922ല്‍ സ്ഥാപിതമായ ബിബിസി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ സ്ട്രീമിംഗ് യുഗത്തിലെ കടുത്ത മല്‍സരത്തില്‍ നിലനില്‍പ്പ് ഉറപ്പാക്കാന്‍ സ്ഥാപനത്തിന് വലിയ മാറ്റങ്ങള്‍ അനിവാര്യമാകുന്ന ഘട്ടത്തിലാണ് ഈ തീരുമാനം.
