കുംഭമേളയില്‍ 82 മരണമെന്ന് ബിബിസി റിപോര്‍ട്ട്; യുപി സര്‍ക്കാറിന്റെ കണക്കിലുള്ളത് 32 മരണം

Update: 2025-06-10 06:55 GMT

ന്യൂഡല്‍ഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടത് 82 പേരെന്ന് ബിബിസി റിപോര്‍ട്ട്. യുപി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ ഇതോടെ പൊളിഞ്ഞു. ഇതോടെ യോഗിസര്‍ക്കാറിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്തുകൊണ്ടാണ് യുപി മുഖ്യമന്ത്രി ഇതുവരെയായും ഒന്നും പ്രതികരിക്കാത്തതെന്നും ഇങ്ങനെയൊരു പരിപാടി നടത്തുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്തുണ്ടായ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. കൃത്യമായ കണക്കുകള്‍ പുറത്തു വിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.


ബിബിസി വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനത്തിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ കണക്കുകളില്‍പ്പെട്ടവര്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കിയപ്പോള്‍ കണക്കില്‍പെടാത്തവര്‍ക്ക് 5 ലക്ഷം രൂപയാണ് നല്‍കിയതെന്നും ബിബിസി റിപോര്‍ട്ട് പറയുന്നു. ധനസഹായം നല്‍കിയതിലും വിവേചനം നടത്തിയെന്ന വിവരവും ഇതോടെ പുറത്തുവന്നു.

കോടികണക്കിനാളുകള്‍ കുംഭമേളയില്‍ പങ്കെടുത്തെന്നാണ് അനൗദ്യോഗിക കണക്കുകള്‍. വലിയ രീതിയില്‍ വിജയമായ പരിപാടിയായി കുംഭമേള മാറിയെന്ന് യുപി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോള്‍ മരണങ്ങളിലെ കൃത്യമായ കണക്കുകള്‍ ആദ്യവും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരേ നേരത്തെ കോണ്‍്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു.

അതേസമയം, ഇപ്പോഴും കുംഭമേളയിലെ മരണം സംബന്ധിച്ച ബിബിസി റിപോര്‍ട്ട് പുറത്തുവന്നതില്‍ യുപി സര്‍ക്കാര്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Tags: