കാന്‍സര്‍ബാധിതനായ മുസ് ലിം വയോധികന്റെ കട പൂട്ടി സീല്‍ ചെയ്ത് ബറേലി ഡെവലപ്മെന്റ് അതോറിറ്റി
ബറേലി: കാന്‍സര്‍ബാധിതനായ മുസ് ലിം വയോധികന്റെ കട പൂട്ടി സീല്‍ ചെയ്ത് ബറേലി ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ). സെപ്റ്റംബര്‍ 26ലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന നടപടികള്‍ക്കുപിന്നാലെയാണ് കാന്‍സര്‍ ബാധിതനായ സമാജ്വാദി പാര്‍ട്ടി കൗണ്‍സിലര്‍ മുന്ന ഖാന്റെ മോട്ടോര്‍ സൈക്കിള്‍ ഷോറൂം സീല്‍ ചെയ്തത്. തങ്ങള്‍ക്ക് രേഖാമൂലമുള്ള അറിയിപ്പ് പോലും നല്‍കാതെയാണ് നടപടിയെന്ന് മുന്ന പറഞ്ഞു.
മുന്നയും ജീവനക്കാരും ഷോറൂമിന്റെ അകത്തുണ്ടായിരുന്നപ്പോഴായിരുന്നു നടപടി. തൊഴിലാളികളെ നിര്‍ബന്ധിച്ച് പുറത്താക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ ഷോറൂം പൂട്ടിയത്. 'അവര്‍ ഞങ്ങള്‍ക്ക് ഒരു രേഖാമൂലമുള്ള അറിയിപ്പ് പോലും നല്‍കിയില്ല. ഞങ്ങളോട് പോകാന്‍ ആവശ്യപ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ വാതിലുകളില്‍ പൂട്ടി സീല്‍ ചെയ്തു, കടയിലെ ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു.
'എനിക്ക് ഏതെങ്കിലും അക്രമവുമായോ മൗലാന തൗഖീറിന്റെ സംഘടനയുമായോ യാതൊരു ബന്ധവുമില്ല. എന്റെ ചിന്തകളും അവരുടെ പ്രത്യയശാസ്ത്രവും വ്യത്യസ്തമാണ്. എന്റെ വ്യക്തിത്വം കാരണം മാത്രമാണ് ഞാന്‍ ശിക്ഷിക്കപ്പെടുന്നത്.'കൗണ്‍സിലര്‍ മുന്ന പറഞ്ഞു. കാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന മുന്ന, കലാപം നടന്ന സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നും തന്റെ ചെറുമകന്റെ കൈക്ക് ഒടിവ് സംഭവിച്ചതിനാല്‍ താന്‍ ആശുപത്രിയില്‍ പോയി നേരെ തന്റെ ഷോറൂമിലേക്ക് മടങ്ങുകയായിരുന്നുവെന്നും പറയുന്നു. എല്ലാം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും അവര്‍ക്ക് പരിശോധിച്ചാല്‍ സത്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
