ബാറില്‍ സിനിമാ സ്റ്റൈല്‍ മോഷണം; സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ചിട്ടും പ്രതി പിടിയില്‍
കൊച്ചി: ബാറില്‍ മോഷണം നടത്തിയ മുന്‍ ജീവനക്കാരന്‍ പിടിയില്‍. ആലപ്പുഴ പട്ടണക്കാട് സ്വദേശി വൈശാഖിനെയാണ് സെന്‍ട്രല്‍ പോലിസ് ഇന്നുരാവിലെ അറസ്റ്റ് ചെയ്തത്. ബാനര്‍ജി റോഡിലെ ബാറില്‍ കഴിഞ്ഞ മാസം 24നായിരുന്നു മോഷണം. 10 ലക്ഷം രൂപയാണ് മോഷണം പോയത്. ഇയാളുടെ വീട്ടില്‍ നിന്ന് 5.60 ലക്ഷം രൂപ കണ്ടെടുത്തു.
ബാറിലെ രീതികള്‍ നന്നായി അറിയാവുന്ന വൈശാഖ് 24ന് പുലര്‍ച്ചെ സ്ഥലത്തെത്തി മോഷണം നടത്തുകയായിരുന്നു. ഇതിനു മുന്നോടിയായി സിസിടിവി ക്യാമറകള്‍ സ്‌പ്രേ പെയിന്റടിച്ച് മറച്ചു. പിന്നാലെ, തല മറയ്ക്കുന്ന ഉടുപ്പുമിട്ട് പണം സൂക്ഷിക്കുന്ന മുറിയിലെത്തി 10 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. മിക്ക സിസിടിവികളിലെയും ദൃശ്യങ്ങള്‍ മറച്ചതോടെ മോഷ്ടാവിനെ കണ്ടെത്തുന്നത് പ്രയാസമായി. ലഭ്യമായ ദൃശ്യങ്ങള്‍ പരിശോധിച്ച് സംശയം തോന്നിയവരുടെ ചിത്രങ്ങള്‍ എടുത്തു. ഇതില്‍ വൈശാഖിന്റെ മുഖം പതിയാത്ത ചിത്രവും ഉണ്ടായിരുന്നു.
തുടര്‍ന്ന്, മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വച്ച് ആളെ തിരിച്ചറിയാനായി ശ്രമം. സംശയിക്കപ്പെടുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും പോലിസ് പരിശോധിച്ചു. ബാറില്‍ നിന്നു പറഞ്ഞുവിട്ടയാള്‍ എന്ന നിലയില്‍ വൈശാഖിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പോലിസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് മോഷണ സമയത്ത് ധരിച്ചിരുന്നതിനു സമാനമായ വസ്ത്രം ധരിച്ച വൈശാഖിന്റെ ചിത്രം കണ്ടത്. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.