തൊണ്ടിമുതല്‍ തിരിമറി കേസ്; ആന്റണി രാജുവിനെതിരേ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരേ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍. വിഷയം ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒന്‍പതിനാണ് വിഷയം പരിഗണിക്കുക. നടപടികളുടെ ഭാഗമായി ആന്റണി രാജുവിന് നോട്ടീസ് നല്‍കും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാര്‍ കൗണ്‍സില്‍ കടക്കുക. ആന്റണി രാജുവിന്റെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍. കേസില്‍ മൂന്നുവര്‍ഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.
തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ മജിസ്‌ടേറ്റ് കോടതി മൂന്നു വര്‍ഷം തടവിന് വെള്ളിയാഴ്ചയാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കുന്ന ശിക്ഷ വലിയ തിരിച്ചടിയാണ് ആന്റണി രാജുവിനും ഇടതുമുന്നണിക്കും നല്‍കിയത്. അയോഗ്യനാക്കിക്കൊണ്ടുള്ള നിയമസഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം ഇറങ്ങും മുന്‍പ് സ്വയം രാജിവെച്ച് ഒഴിഞ്ഞ് നാണക്കേട് കുറയ്ക്കാനാണ് ആന്റണി രാജു ലക്ഷ്യമിട്ടത്. എന്നാല്‍ കോടതി ഉത്തരവോടുകൂടി തന്നെ ആന്റണി രാജു അയോഗ്യനാക്കപ്പെട്ടെന്നാണ് സ്പീക്കറുടെ ഓഫീസ് സൂചിപ്പിക്കുന്നത്. അയോഗ്യനായ എംഎല്‍എക്ക് രാജി വെയ്ക്കാനോ സ്പീക്കറുടെ ഓഫീസിന് രാജി സ്വീകരിക്കാനോ കഴിയില്ല. അയോഗ്യനാക്കിയുള്ള വിജ്ഞാപനം വരുന്നതിനു പിന്നാലെ ആന്റണി രാജു മേല്‍ക്കോടതിയെ സമീപിക്കും.
വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. ആന്റണി രാജു മേല്‍ക്കോടതിയില്‍ പോയി അയോഗ്യത നീക്കിയാലും ആന്റണി രാജുവിനെ മല്‍സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നാണ് സിപിഐ വിലയിരുത്തല്‍. സീറ്റ് സിപിഎം ഏറ്റെടുക്കുകയോ കേരള കോണ്‍ഗ്രസിന് നല്‍കുകയോ ചെയ്‌തേക്കും. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്കാകും രാഷ്ട്രീയമായ തുടര്‍നീക്കം ആലോചിക്കുക. എന്നാല്‍ തനിക്ക് അവസരമില്ലെങ്കിലും സീറ്റ് പാര്‍ട്ടിക്ക് വേണമെന്നാണ് ആന്റണി രാജുവിന്റെ നിലപാട്.

