ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യം; ഡിജിപിക്ക് കത്ത് നൽകി മന്ത്രി എംബി രാജേഷ്

Update: 2024-05-24 11:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്‌സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് കത്ത് നല്‍കി. വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന കത്തില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമുണ്ടെന്ന വെളിപ്പെടുത്തല്‍ കേട്ടിരുന്നുവെന്നും,ശബ്ദരേഖ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നുവെന്നുമാണ് നേരത്തെ എക്‌സൈസ് മന്ത്രി എംബിരാജേഷ് പ്രതികരിച്ചത്. മദ്യ നയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നടപടികളില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

'പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്നും അറിയില്ല. ബാര്‍ ഉടമകളുമായി എന്നല്ല, എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാറല്ല ഈ സര്‍ക്കാര്‍. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താന്‍ ചിന്തിക്കുകയായിരുന്നുവെന്നും അദ്ദേഹം മറുപടി നല്‍കി.

Tags:    

Similar News