വായ്പാ തട്ടിപ്പ്; അനില്‍ അംബാനിക്കെതിരെ ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐക്ക് പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യയും രംഗത്ത് വന്നിരിക്കുന്നത്
ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പാ തട്ടിപ്പ് നടത്തിയെന്ന് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യ കൂടി അനില്‍ അംബാനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. 2016ല്‍ വായ്പ തുക വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ചെലവഴിച്ചതിനെ തുടര്‍ന്ന് തട്ടിപ്പുകാരുടെ പട്ടികയില്‍ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു.
മൂലധന പ്രവര്‍ത്തന ചെലവുകള്‍ നടത്താനും നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനും ബാങ്ക് ഓഫ് ഇന്ത്യ റിയലന്‍സ് കമ്മ്യൂണിക്കേഷന് 700 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. എന്നാല്‍, വായ്പ ലഭിച്ച തുകയുടെ പകുതിയും സ്ഥിരനിക്ഷേപമായി മാറ്റുകയായിരുന്നു.
വായ്പ നല്‍കിയ സമയത്തെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നു ഈ നടപടി. ബാങ്ക് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനും വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചതിനും എസ്ബിഐ ഇതേ നടപടി കൈക്കൊണ്ടു. എസ്ബിഐയുടെ പരാതിക്ക് പിന്നാലെ റിലയലന്‍സ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അനില്‍ അംബാനിയുടെ വീട്ടിലും സിബിഐ പരിശോധന നടത്തിയിരുന്നു.
അംബാനിയും റിയലന്‍സ് കമ്മ്യൂണിക്കേഷനും നടത്തിയ തട്ടിപ്പുമൂലം 2929.05 കോടി രൂപ നഷ്ടമുണ്ടായെന്നാണ് എസ്ബിഐയുടെ പരാതി. പരാതിയെ നിയമപരമായി നേരിടുമെന്നും തനിക്കെതിരെ വരുന്ന എല്ലാ ആരോപണങ്ങളെയും നിഷേധിക്കുന്നതായും അനില്‍ അംബാനിയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
